പ്രായം വെരുമൊരു സംഖ്യ മാത്രം,പള്ളിയിലെ പ്രായമായ പ്രാർത്ഥന സംഘത്തിൽ ഞാൻ കൊച്ചു പയ്യൻ. എങ്കിലും ഞങ്ങൾ “പിള്ളാരുടെ ഭാഷയിൽ പൊളിച്ചു”. പള്ളിയിലെ ആധ്യാത്മീക സംഘടനകളുടെ സംയുക്ത ക്രിസ്മസ് നവ വത്സര ആഘോഷത്തിൽ ഞങ്ങൾ പ്രാർഥനയോഗം ഗ്രൂപ്പുകാർ അവതരിപ്പിച്ചു “തോമാ രാജാവ്” ! ഇക്കഥ നിങ്ങൾ ഇതുവരെയും കേട്ടിട്ടുണ്ടാവില്ല, കാരണം ഇന്നലെയാണ് സ്ക്രിപ്റ്റ് പൂർണ്ണമായതു, ഇന്നാണ് തട്ടിൽ കയറിയത്. വീഡിയോ പിന്നീട് വിടാം , തത്ക്കാലം കഥ വായിക്കൂ…മുൻകൂർ ജാമ്യം, മറ്റു മലങ്കരക്കാർ പിണങ്ങരുത്, ഞങ്ങൾക്ക് ഞങ്ങളുടെ വേർഷൻ നിങ്ങള്ക്ക് നിങ്ങളുടെ വേർഷൻ. വില്ലുപാട്ടിന്റെ കെട്ടിലും മട്ടിലും ഒരു ക്രിസ്ത്യൻ കഥ, കൌണ്ടർ അടിക്കുന്ന സൺഡേ സ്കൂൾ സാറും, പഴയ ഹാർമോണിയം പൊടി തട്ടിയെടുത്തു അച്ചായനും, വില്ലിൽ കരവിരുത് പരീക്ഷിക്കുന്ന മറ്റു രണ്ടു അച്ചായന്മാരും, പിന്നെ ഒൻപതു ആന്റിമാരും. Wish you all a wonderful 2024.
പ്രിയപ്പെട്ടവരേ അൽപ സമയത്തേക്ക് ഞങ്ങൾ പ്രാർഥനയോഗം അംഗങ്ങൾ നിങ്ങളെ പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ട് പോവുകയാണ്. പണ്ടൊക്കെ നമ്മുടെ പള്ളികളുടെ നാടക ശാലകളിൽ വിശേഷ ദിവസങ്ങളിൽ പല കലാരൂപങ്ങളും അരങ്ങേറിയിരുന്നു. മാർഗ്ഗം കളി , ചവിട്ടു നാടകം അങ്ങനെ പലതും. അങ്ങനെയുള്ള ഒരു കലാരൂപത്തെ ഞങ്ങൾ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നു “വില്ലടിച്ചാൻ പാട്ടു” .നിങ്ങൾക്കറിയാമല്ലോ, പണ്ട് രാജാക്കന്മാർ വനത്തിലേക്ക് നായാട്ടിനു പോകുമായിരുന്നു. നായാട്ടിനിടയിലുള്ള വിശ്രമ വേളകളിൽ ഉള്ള വിനോദമായിരുന്നു വില്ലടിച്ചാൻ പാട്ടു. അത് മാത്രമല്ല, നിങ്ങൾക്കറിയാമോ നമ്മൾ നസ്രാണികൾക്കു, ഒരു രാജാവും സേനയും പരിവാരങ്ങളും മറ്റും ഉണ്ടായിരുന്നു എന്നാണു പാരമ്പര്യം.
നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഒരു ക്രിസ്ത്യൻ രാജാവുണ്ടായിരുന്നു എന്നോ ? ആദ്യത്തെ ക്രിസ്ത്യൻ ചക്രവർത്തി കുസ്തന്തീനോസ് ആണെന്ന് പറയാം , അത് അങ്ങ് യൂറോപ്പിൽ, പക്ഷെ നമ്മുടെ കേരളത്തിൽ ഒരു ക്രിസ്ത്യൻ രാജാവുണ്ടായിരുന്നു, ഇക്കാര്യം പക്ഷെ പലർക്കും അറിയില്ല. അത് കൊണ്ട്, ഞങ്ങൾ ഈ പഴയ “വില്ലടിച്ചാൻ പാട്ടു” എന്ന കലാരൂപത്തിൽ കൂടെ പരിചയപ്പെടുത്തുന്നു നൂറ്റാണ്ടുകൾക്കു മുൻപ് കേരളത്തിൽ വാണ ഒരു ക്രിസ്ത്യൻ രാജാവിനെ ,ആരാണെന്നു അറിയാമോ “തോമാ രാജാവ്” …..
(Curtain gets opened slowly, all are singing…)
രാജാവാം കുസ്തന്തീനോസാകാശത്തിൽ
വിസ്മയകരമായ് സ്ലീബായുടെ രൂപം ദർശിച്ചു
കേട്ടാനവനരുളപ്പാടപ്പോഴേവം
പ്രാണാകര സ്ലീബായാൽ പ്രാപിക്കും നീ വിജയം
പ്രതിമകളെ നിർമ്മൂലം നീക്കി
സ്ലീബായെ മാത്രം മാനിച്ചാൻ
ധന്യൻ സ്ളീബാക്കോട്ടയെ
ഞങ്ങൾക്കായ് നിർത്തിയവൻ (പ്രാർത്ഥിപ്പിൻ ശ്ലീഹന്മാരെ എന്ന ഈണത്തിൽ )
(സദസ്സ്യരോടായി ) പ്രിയപ്പെട്ടവരേ നിങ്ങൾ ഈ പാട്ടു കേട്ടിട്ടുണ്ടോ ?
ഇല്ല, അല്ലേ ?
(കൂട്ടുകാരനോടായി )കൂട്ടുകാരാ, നിങ്ങള്ക്ക് അറിയാമോ ഈ പാട്ടു എവിടെ നിന്ന് എന്ന് ?
നമ്മുടെ ആരാധനാ ക്രമത്തിൽ , ശീമ നമസ്കാരത്തിൽ വെള്ളിയാഴ്ച പ്രഭാതത്തിൽ
(സദസ്സ്യരോടായി ) അതെ ശീമ നമസ്കാരത്തിൽ വെള്ളിയാഴ്ച പ്രഭാതത്തിൽ പാടുന്ന ഒരു പാട്ടാണിത്, പക്ഷേ ആരായിരുന്നു ഈ പാട്ടിൽ പറയപ്പെടുന്ന കുസ്ഥന്തീനോസ് ? അറിയാമോ നിങ്ങള്ക്ക്, ഇല്ല , അല്ലേ ?
കൂട്ടുകാരാ നിങ്ങൾക്ക് അറിയാമോ ?
അറിയാം, ആദിമ നൂറ്റാണ്ടുകളിൽ ക്രിസ്തീയ സഭ പീഡിക്കപ്പെട്ടപ്പോൾ , അവർക്ക് ആരാധന സ്വാതന്ത്ര്യം നൽകിയ ചക്രവർത്തി ആയിരുന്നു കുസ്ഥന്തീനോസ്.
ശരിയാണ് ,പാശ്ചാത്യ നാടുകളിൽ അങ്ങനെ, ക്രിസ്ത്യാനികളായ ഭരണ കർത്താക്കൾ, ഏറെയുണ്ടായിരുന്നു. എന്നാല്, നമ്മുടെ ഈ കൊച്ചു കേരളത്തിലും, ക്രിസ്ത്യാനി ആയിരുന്ന, ഒരു രാജാവ് ഉണ്ടായിരുന്നു. അത് ആരായിരുന്നു?
അറിയാം അതല്ലേ തോമാ രാജാവ്?
അതെ തോമാ രാജാവ്, വില്ലയാർ വട്ടം രാജ കുടുംബത്തിലെ തോമാ രാജാവ്.
രണ്ടായിരത്തിൽപ്പരം വര്ഷങ്ങള്ക്കു മുൻപ് ഉത്തര ഭാരതം വാണ അശോക ചക്രവർത്തിയുടെ ശിലാലിഖിതങ്ങളിൽ, ഇവിടെ, ഈ ദക്ഷിണ ഭാരതത്തിൽ, ഏതൊക്കെ രാജ്യങ്ങൾ ഉണ്ടായിരുന്നു എന്ന് എഴുതിയിരുന്നു.
ചേരൻ മാരുണ്ടിവിടെ
പാണ്ഡ്യൻന്മാരുണ്ടിവിടെ
ചോളന്മാരുൻഡിവിടെ
അതിയമാൻമാരും ( ഉന്തുന്തു ഉന്തുന്തു ഉന്തുന്തു എന്ന ഈണത്തിൽ )
അതെ ചേരൻ മാരും പാണ്ഡ്യൻന്മാറും
ചോളന്മാരും പിന്നെ അതിയമാൻമാറും അങ്ങനെ നാലോളം ചക്രവർത്തിമാർ ഈ ദക്ഷിണ ഭാരതത്തിൽ ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. അതിൽ ചേർമാർ പെരുമാളിൻ്റെ കാലത്തിന് ശേഷം കേരളം വാണ ഒരു രാജാവ് ആയിരുന്നു തോമാ രാജാവ്.
തോമാ രാജാവോ , അതെങ്ങെനെ, അക്കാലത്ത് ഇവിടെ ക്രിസ്ത്യാനികൾ വല്ലവരും ഉണ്ടായിരുന്നോ , പിന്നെങ്ങെനെ ക്രിസ്ത്യൻ പേരുകൾ ?
ശരിയാണ് ചോദ്യം ശരിയാണ് ,പക്ഷെ , അക്കാലത്ത് ഇവിടെ ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു , കാരണം എന്താ, ക്രിസ്തു ശിഷ്യനായ തോമസ് അപ്പോഴേക്കും കേരളത്തിൽ എത്തി സുവിശേഷം പ്രഘോഷണം തുടങ്ങി ക്കഴിഞ്ഞിരുന്നു.
തെയ് തെയ് തെയ് തകതെയ് തെയ് തെയ് തെയ് തകതെയ്
തെയ് തെയ് തെയ് തകതെയ് തെയ് തെയ് തകത (വള്ളപ്പാട്ട് ഈണത്തിൽ )
ദിദിമൊസ് എന്ന തോമാസ് നോട് നമ്മുടെ കർത്താവരുൾ ചെയ്തു
ഭാരതമെന്നൊരു നാട്ടിൽ പോയി എൻ സുവിശേഷം അറിയിക്ക (തെയ് )
പെരുമാൾ ചോളൻ ഇന്നാടു ഭരിച്ചപ്പോൾ തോമാ ശ്ലീഹ പുറപ്പെട്ടു
അറേബ്യയയിൽ നിന്ന് കപ്പൽ കയറി മാലിങ്കരയിൽ വന്നെത്തി (തെയ് )
അറിവിന് പറവ് മിശിഹാ കാലം അമ്പതു ധനു വാം രാശിയതിൽ
അതിശയ കരമായ് അഷ്ട ദിനം കൊണ്ടിവിടെ മാർഗം സ്ഥാപിച്ചു (തെയ് )
അതെ, അങ്ങനെ , തോമാസ് ശ്ലീഹാ മൂലം , ക്രിസ്തുമാർഗ്ഗത്തിലേക്കു കൊണ്ട് വന്നവരിൽ പിക്കാലത്തു ഉണ്ടായ ഒരു തദ്ദേശീയ രാജാവായിരുന്നു തോമാ രാജാവ് ?
ശരി ശരി ശരി അത് സമ്മതിച്ചു ഇവിടെ അപ്പോൾ ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു . പക്ഷെ എവിടെ ആയിരുന്നു ഈ തോമാ രാജാവിന്റെ രാജ്യം?
വില്യാർ വട്ടം എന്ന് കേട്ടിട്ടുണ്ടോ ? കൊടുങ്ങല്ലൂരിനും ഉദയം പേരൂരിനു മിടയിൽ ഉണ്ടായിരുന്ന ഒരു നാട്ടു രാജ്യം ആയിരുന്നു വില്യാർ വട്ടം. അറബിക്കടലിനോട് ചേർന്ന് പെരിയാർ നദീ തീരത്ത് പെരിയാറിനാൽ ചുറ്റപ്പെട്ട ഒരു പ്രദേശം ആയിരുന്നു ഇവിട .
പെരിയാർ എവിടെയാണെന്ന് അറിയാമല്ലോ അല്ലെ , കേരളത്തിന്റെ ജീവ നാഡിയായ , കേരളത്തിലെ ഏറ്റവും വലിയ നദി യായ പെരിയാർ എന്തെന്ന് അറിയാത്ത മലയാളികൾ ഉണ്ടാവുമോ
പെരിയാറേ പെരിയാറേ
പര്‍വതനിരയുടെ പനിനീരേ
കുളിരും കൊണ്ട് കുണുങ്ങി
നടക്കും മലയാളിപ്പെണ്ണാണ് നീ
ഒരു മലയാളിപ്പെണ്ണാണ് നീ (പെരിയാറേ)
പൊന്നലകള്‍ പൊന്നലകള്‍ ഞൊറിഞ്ഞുടുത്തു
പോകാനൊരുങ്ങുകയാണല്ലോ
മലയാറ്റൂര്‍ പള്ളിയില്‍ പെരുന്നാള് കൂടണം
ശിവരാത്രി കാണേണം നീ
ആലുവാ ശിവരാത്രി കാണേണം നീ
(പെരിയാറേ)
ഇങ്ങനെ പെരിയാറിനാൽ ഒരു വില്ലിന്റെ ആകൃതിയിൽ ചുറ്റപ്പെട്ടു കിടക്കുന്നത് കൊണ്ടാണ് ഈ പ്രദേശം.വില്യാർ വട്ടം എന്ന പേര് വരാൻ തന്നെ കാരണം എന്നാണ് ഐതിഹ്യം
ഉവ്വ് സമ്മതിച്ചു നിങ്ങൾ ഈ ഭൂമി ചരിത്രം പറയാതെ കഥയിലേക്ക് വരൂ , തോമാ രാജാവിന് എന്ത് സംഭവിച്ചു ?
തലമുറ തലമുറയായി തോമാ രാജാക്കന്മാർ നാട് ഭരിച്ചിരുന്നു എന്നാണ് പറയപ്പടുന്നതു. അവസാനത്തെ തോമാ രാജാവിന് ആൺ മക്കൾ ഉണ്ടായിരുന്നില്ല, പക്ഷെ, അതി സുന്ദരിയായ ഒരു മകൾ ഉണ്ടായിരുന്നു.
സുന്ദരികളില്‍ അതി സുന്ദരി നീ–ജാതികളില്‍ സൂ-നു
നൃപതിശലോമോന്‍ വിമല സഭേ–നിന്നേ ലാളിപ്പു
നിന്നധരങ്ങള്‍–മധുവര്‍ഷിക്കുന്നു
വസന്ന സുഗന്ധം–നീസാന്‍ കുസുമ സമം
സഭയെ സകലവിധം സുമുഖി–നീ കറ തീണ്ടാതോള്‍
സ്ലീബായെ വന്ദിപതിനാല്‍–രാജവാം മ്ശിഹാ
ഹാലേലുയ്യാ—കാക്കുന്നു നിന്നെ (ഈ ഈണം അറിയാത്ത മലങ്കര നസ്രാണികൾ കാണുമോ )
ഒറ്റ നോട്ടത്തിൽ രോമാഞ്ചം കൊള്ളിക്കുന്ന അതി സുന്ദരിയായിരുന്നു ആ രാജ പുത്രി. നമ്മുടെ കാല്പനികതയുടെ അതിർ വരമ്പുകളിൽ ഒതുങ്ങി നിൽക്കുന്ന ഒരു സൗന്ദര്യം ആയിരുന്നില്ല ആ രാജകുമാരിക്ക്.
നില്ക്കു നില്ക്കു നില്ക്കു ശൃംഗാരം ഒക്കെ നിർത്തി കഥയിലേക്ക് തിരിച്ചു വരൂ എന്നിട്ടു എന്ത് സംഭവിച്ചു ആ രാജകുമാരിക്ക്.
എന്ത് സംഭവിച്ചു? ആ വശ്യ സൗന്ദര്യത്തിൽ ആകൃഷ്ടനായി പ്രണയത്തിൽ ആയതു മറ്റൊരു പ്രമുഖ രാജകുടുംബത്തിലെ രാജകുമാരൻ ആയിരുന്നു. കൊച്ചി രാജ്യത്തിലെ മഹാരാജാവിന്റെ പുത്രൻ ? പോരെ പൂരം! ഒരു ക്രിസ്ത്യൻ രാജകുമാരിയെ ഒരു ഹിന്ദു രാജ കുമാരൻ പ്രണയിക്കുക. അന്നത്തെ കാലത്തു കേട്ട് കേൾവി പോലുമില്ലാത്ത, ആർക്കും സങ്കൽപ്പിക്കാൻ പോലുമാവാത്ത, ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യം? ഏറെ താമസിക്കാതെ ഈ അന്തപ്പുര രഹസ്യം കൊച്ചി രാജാവിന്റെ കാതുകളിൽ എത്തി.
വില്യാർ വട്ടം കാർക്ക് ഇത്ര അഹമ്മതിയോ ? കൊച്ചി രാജ്യത്തിലെ രാജകുമാരനെ പ്രണയിക്കുവാൻ ആ രാജകുമാരിക്ക് എങ്ങെനെ ധൈര്യം വന്നു ?
രാജകുമാരനോടഅരചൻ ചൊല്ലി
വില്യാർ വട്ടം വിഷയം വേണ്ട
അരചൻ ചൊന്നതു കൂട്ടാക്കാതെ
രാജകുമാരൻ പ്രണയം കൂടി
ദാ, ഈ ദേവിക്കുള്ളിലിത്ര അഹമ്മമതി
നമ്മ കുമാരനെ വേളി കഴിക്കയോ
പ്രണയം കയറിയ മാനസമൊന്നിൽ
കുടികൊള്ളുന്നത് വിവേകമല്ല, വികാരമത്രെ
(തുള്ളൽ സ്റ്റൈലിൽ )
ഹാ, നിർത്തടോ, ഈ ഓട്ടൻ തുള്ളൽ പാട്ടും പാടി ഇരുന്നാൽ മതിയോ കഥ എന്തായി എന്ന് പറയൂ
ആളും അർത്ഥവും ആയുധവും കൊണ്ട് കൊച്ചി രാജാവാണ് കേമൻ. കൊച്ചി രാജാവുമായി ഒരു ബന്ധത്തിനോ യുദ്ധത്തിനോ വില്യാർ വട്ടത്തെ തോമാ രാജാവിന് ഒരു താല്പര്യവും ഉണ്ടായിരുന്നില്ല. ഇക്കാര്യം രാജകുമാരനും രാജകുമാരിക്കും അറിയാമായിരുന്നത് കൊണ്ട് അവർ ആരും അറിയാതെ നാട് വിട്ടു. പിന്നീട്, രാജാവിന് ആൺമക്കൾ ഇല്ലാഞ്ഞത് കൊണ്ട്, ആ രാജവംശം അന്യം നിന്ന് പോയി എന്നാണ് ഐതിഹ്യം..
കൊള്ളാം കഥ കൊള്ളാം പക്ഷെ ഇങ്ങനെ ഒരു രാജ വംശം ഉണ്ടായിരുന്നതായി എന്തെങ്കിലും തെളിവുകൾ ഉണ്ടോ ?
ഇല്ല, ആ രാജ വംശത്തിന്റെ അവശിഷ്ടങ്ങൾ ഒരു പക്ഷെ ഭൂമിക്കടിയിൽ എവിടെ എങ്കിലും കണ്ടേക്കാം
അതെങ്ങെനെ? ആ രാജ വംശത്തിന്റെ കൊട്ടാരമോ കോട്ടയോ കൊത്തളമോ ഉണ്ടായിരുന്നെങ്കിൽ, ഇപ്പോഴും അവിടെ കാണേണ്ടത് അല്ലെ ?
പ്രിയപ്പെട്ടവരേ 2018 ലെ വെള്ളപ്പൊക്കം നിങ്ങൾ ഓർക്കുന്നുണ്ടോ അത് പോലെയോ അതിനേക്കാൾ ശക്തമായതോ ആയോ ഒരു വെള്ളപ്പൊക്കത്തിൽ പെരിയാർ, ദിശ മാറി ഒഴുകി, അന്നുണ്ടായിരുന്ന തോമാ രാജ വംശത്തിന്റെ തെളിവുകൾ മണ്ണിനടിയിലായി എന്ന് ഒരു പാരമ്പര്യം ഉണ്ട് .
അത് ശരി അപ്പൊ പിന്നെ ഒരു തെളിവും ഇല്ല അല്ലെ എന്നിട്ടാണ് നസ്രാണികളുടെ രാജാവ്, “തോമാ രാജാവ്, എന്നൊക്കെ പറഞ്ഞു പുതിയ ചരിത്രം ഉണ്ടാക്കി കൊണ്ട് വരുന്നത് അല്ലെ ?
തെളിവുകൾ തീരെ ഇല്ലാതില്ല. ഔഗേൻ മാർ പാപ്പ തോമാ രാജാവിന് എഴുതിയ ഒരു കത്ത് വത്തിക്കാൻ ശേഖരത്തിൽ ഉണ്ട്. പിന്നെ നിങ്ങൾ, വാസ്കോ ഡി ഗാമയെ, കേട്ടിട്ടുണ്ടോ ?
ഉവ്വ് കേട്ടിട്ടുണ്ട് , വാസ്കോഡഗാമ ഒരു ദേശപരിവേക്ഷകൻ അല്ലായിരുന്നോ ? യൂറോപ്പിൽ നിന്ന് ഭാരതത്തിൽ വന്ന ആദ്യത്തെ യാത്രികൻ ആയിരുന്നല്ലോ വാസ്കോഡഗാമ
അതേ, വാസ്കോ ഡി ഗാമ കേരളം സന്ദർശിച്ചപ്പോൾ ഇവിടുത്തെ നസ്രാണികൾ തോമാ രാജാവിന്റേത് എന്ന് പറയപ്പെടുന്ന ഒരു ചെങ്കോൽ അദ്ദേഹത്തിന് സമ്മാനിച്ചതായി ചരിത്രം പറയുന്നു. പിന്നെ വില്യാർവട്ടം ഭാഗത്തു ഭൂമി കുഴിച്ചു ചെന്നാൽ ഒരു പക്ഷെ എന്തെങ്കിലും തെളിവുകൾ കിട്ടിയേക്കാം.
ശരി, ഇങ്ങനെയൊക്കെ ആണെങ്കിൽ ഞാൻ സമ്മതിച്ചല്ലേ തരമുള്ളൂ. ഏതായാലും കൊള്ളാം, ഇതെനിക്ക് കിട്ടിയ ഒരു പുതിയ അറിവാണ് . നമ്മൾ മലങ്കര നസ്രാണികൾക്ക് തല ഉയർത്തിപ്പിടിച്ചു നിൽക്കാൻ, ഒരു ചരിത്ര സംഭവവും കൂടി, കൊള്ളാം
പ്രിയ പ്പെട്ടവരെ, ഈ അവതരണത്തിലൂടെ നിങ്ങളെ ഉത്ബോധരാജ്ജൻ ഞങൾ ശ്രമിച്ചത്, നാം മലങ്കര നസ്രാണികൾ ക്ക് ഉള്ള മനോഹരമായ ദീപ്തമായ വിശ്വാസവും പൈതൃകവും പിന്തുടർച്ച യുമാണ്. ഇന്നലെ ത്തെ മഴയിൽ പൊട്ടി മുളച്ച തകരയെ പോലെ യുള്ള നവീന പ്രസ്ഥാനങ്ങളിൽ ചെന്ന് ചേരാതെ, മലങ്കര സഭയുടെ തനതായ വിശ്വാസങ്ങളിലും ആരാധനയിലും ആചാരങ്ങളിലും പിൻപറ്റി പൂർവ്വ പിതാക്കന്മാർ കാട്ടിയ വഴികളിലൂടെ സഞ്ചരിക്കുവാൻ നമുക്കാആവട്ടെ എന്ന് ആശംസിച്ചു കൊണ്ട്, ഞങ്ങൾ പറയുവാൻ ശ്രമിച്ച, കേരളത്തിലെ ക്രിസ്ത്യൻ ചരിത്രം സംക്ഷിപ്തമായി, ഒരു പാട്ടിലൂടെ അവതരിപ്പിച്ചു, ഈ പരിപാടി ഇവിടെ അവസാനിപ്പിക്കുകയാണ്. ക്ഷമയോടെ ശ്രവിച്ചിരുന്ന എല്ലാവർക്കും , നന്ദി
രാജ രാജ ദൈവ പുത്രനേശുദേവൻ കല്പന
തോമസെന്ന ക്രിസ്തു ശിഷ്യൻ ഏറ്റെടുത്തു യാത്രയായ്
ദൂര മെറെ യാത്ര ചെയ്ത് കേരളത്തിലെത്തിയോൻ
ഏറെ ക്ലേശം ഏറ്റു വാങ്ങി തൻ നാഥനായി നിശ്ചയം
ഏറനാടൻ നാട് മുതൽ തിരുവിതാംകോട് വരെ
ഏഴര പള്ളികളും ക്രിസ്തുവിൻ വിശ്വാസികളും
ഏറെ അനുയായികളായി ക്‌നായി തൊമ്മൻ ഇവിടെയെത്തി
തെക്കുംകൂറെന്ന് കേൾവി പെട്ട ജനതതിയും ഇവിടെയായ്
ചേരചക്രവർത്തിയായ സ്ഥാണുരവിയിൻ സാമന്തൻ
അയ്യനടികൾ തിരുവടികൾ എഴുതിക്കൊടുത്ത ശാസനങ്ങൾ
എഴുപത്തിരണ്ട് അവകാശങ്ങൾ നസ്രാണിക്കു ലഭ്യമായ്
ആള്ബലവും സമ്പത്തും ഒഴിമുറിയായ് വന്നു ചേർന്നു
വില്യാർ വട്ടം എന്നപേരിൽ വിപുലമായ സൈന്യമായ്
അഴിമുഖമായ മുസിരിസ് തൊട്ടു കൊച്ചി വരെ രാജ്യമായ്
ഏലവും മഞ്ഞളും കുരുമുളകും ഇഞ്ചിയും
സുഗന്ധവ്യഞ്ജനങ്ങൾ തേടി അന്യദിക്കുകാരെത്തി
ആർച് ബിഷപ്പ് മെനെസിസും പറങ്കികൾ മേൽക്കോയ്മയും
മുളന്തുരുത്തിയോഗത്തിൽ നമ്മെ ലത്തീൻ റീത്താക്കി
അർക്കഡോക്കിയന്മാരും പുത്തെന്കൂറിൻ മക്കളും
കൂനൻ കുരിശു സത്യമെന്ന സമര മുഖം തുറന്നു നാം
ആംഗലേയ സഭയുമായി ആശ്ലേഷിച്ചു നിന്ന് പക്ഷേ
നവീകരണാശയങ്ങൾ ശക്‌തിയുക്തം എതിർത്തു നാം
ദൈവത്തിൻ മാതാവിനെയും പുണ്യ പരിശുദ്ധരെയും
വിട്ടുനമുക്ക് ജീവനില്ല ഓർത്തോഡസ്കിൻ മാർഗമത്രെ
സ്വയം ശീര്ഷകത്തമുള്ള മലങ്കര മൂപ്പനുണ്ട്
മെത്രാധികാരമുണ്ട് ജനാധിപത്യ ബോധവും
ദൈവകൃപ മാത്രമത്രേ തോമാ ശ്ലീഹാ മാർഗ്ഗമല്ലേ
തല കുനിച്ചിട്ടില്ല ഞങ്ങൾ ഇനി തല കുനിക്കയില്ല ഞങ്ങൾ (Marching Song Style)