ഓർത്തോഡോക്സ് വിശ്വാസത്തിന്റെ ആണിക്കലാണല്ലോ നിഖ്യാ വിശ്വാസപ്രമാണം. നിഖ്യ വിശ്വാസ പ്രമാണം എന്ന് അറിയപ്പെടുന്നു എങ്കിലും ഓറിയന്റൽ ഓർത്തോഡോക്സ് സഭകൾ അംഗീകരിക്കുന്ന മൂന്നു പൊതു സുന്നഹദോസുകളായ നിഖ്യ, കുസ്തന്തീനോപോലീസ് , എഫേസൂസ് എന്നിവയിൽ ക്രോഡീകരിക്കപ്പെട്ട വിശ്വാസമാണ് നിഖ്യാ വിശ്വാസ പ്രമാണത്തിൽ ഉള്ളത്. ചുരുക്കത്തിൽ പറഞ്ഞാൽ മൂന്നു വേദ വിപരീതങ്ങളെ എതിർത്ത് തോൽപ്പിച്ചു സത്യ വിശ്വാസത്തെ ഉറപ്പിച്ചതാണ് ഈ സുന്നഹദോസുകൾ ചെയ്തത്.
ആദ്യത്തേത് പുത്രനില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു എന്ന അരിയൂസിന്റെ വാദത്തെ എതിർത്ത് തോൽപ്പിച്ചു. രണ്ടാമത്തേതിൽ പരിശുദ്ധ റൂഹാ “പിതാവിനിൽ നിന്നും പുത്രനിൽ നിന്നും പുറപ്പെടുന്നു ” എന്ന വാദത്തെ തോല്പിച്ച് “പിതാവിൽ നിന്നും പുറപ്പെട്ടു പിതാവിനോടും പുത്രനോടും കൂടെ വന്ദിക്കപ്പെട്ടു സ്തുതിക്കപെടുന്നു ” എന്നത് ഉറപ്പിച്ചു. മൂന്നാമത്തേതിൽ ക്രിസ്തുവിന്റെ മാതാവ് എന്നല്ല ദൈവമാതാവ് എന്നാണു വിളിക്കപ്പെടേണ്ടത് എന്നത് സ്ഥിതീകരിച്ചു